Friday, February 18, 2011

നാം ഇരിക്കേണ്ടിടത്ത് ഇരുന്നിരിക്കണം

ജീവിതത്തില്‍ നമുക്ക് ഓരോരുത്തര്‍ക്കും ചെയ്തു തീര്‍ക്കുവാനുള്ള ദൌത്യങ്ങള്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. അതില്‍ മകന്റേയോ മകളുടേയോ, സഹോദരന്റേയോ സഹോദരിയുടേയോ, ജ്യേഷ്ഠന്റേയോ അനുജന്റേയോ, ഭര്‍ത്താവിന്റേയോ ഭാര്യയുടേയോ, അച്ചന്റേയോ അമ്മയുടേയോ, മുത്തച്ഛന്റെയോ മുത്തശ്ശിയുടേയോ, ഉദ്യോഗസ്ഥന്റെയോ ഉദ്യോഗസ്ഥയുടേയോ ആയ സ്ഥാനങ്ങള്‍ ഉണ്ടാകാം. ജീവിതത്തിലെ ഓരോ കാലഘട്ടങ്ങിലും നിര്‍വചിക്കപ്പെട്ടിരിക്കുന്ന ഈ സ്ഥാനങ്ങള്‍ അതിന്റെ എല്ലാ ഭാവങ്ങളോടും കൂടി ആടി തീര്‍ക്കുക എന്നത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വങ്ങളില്‍ പെട്ട കാര്യമാണ്. പക്ഷേ, നമ്മുടെ അലസ്സത കൊണ്ടോ അതല്ലെങ്കില്‍ മറ്റുള്ളവരുടെ സാമര്‍ത്ഥ്യം കൊണ്ടോ പലപ്പോഴും സ്ഥാനഭ്രംശം സംഭവിക്കുന്നതില്‍ അതിശയിക്കണ്ട കാര്യമില്ല. അതാണ് യഥാര്‍ത്ഥ ജീവിതം. ഇതില്‍ രക്തബന്ധം കൊണ്ടുള്ളതോ ഔദ്യോഗിക അധികാരം കൊണ്ടുള്ളതോ ആയ സ്ഥാനങ്ങള്‍ക്ക് വ്യത്യാസമില്ല. മേലുദ്യോഗസ്ഥന്റെ കഴിവുകേട് കീഴുദ്യോഗസ്ഥന്‍ മുതലെടുക്കാം, ജ്യേഷ്ഠന് അനുജന്‍ പാര വച്ച് ആ സ്ഥാനം വേണമെങ്കില്‍ ഏറ്റെടുക്കാം. ഇങ്ങനെ യഥാര്‍ത്ഥ ജീവിതത്തില്‍ എത്ര എത്ര ഉദാഹരണങ്ങള്‍!


ഏതു സ്ഥാനത്തായാലും, നല്ലതായാലും ചീത്തയായാലും കിട്ടുന്ന അനുഭവങ്ങളാണ് ജീവിതത്തിന്റെ യഥാര്‍ത്ഥ മുത്തുകള്‍. ഉദാഹരണമായി സ്വന്തം മകനില്‍ നിന്നും അച്ഛന്‍ ചീത്ത വിളി കേള്‍‍ക്കേണ്ടി വന്നാല്‍! അതു മനസ്സിലാക്കി, അതിന്റേതായ ഗൌരവത്തില്‍ ആ അച്ഛന്‍ അതിനെ സൌമ്യമായി നേരിടുമെങ്കില്‍ അവന്‍ വിജയിച്ചു. പക്ഷേ ആ അച്ഛന്‍ പരാജയപ്പെടുന്ന മറ്റൊരു സാഹചര്യത്തെ പറ്റി ഇവിടെ ചിന്തിച്ചാലോ? സ്വന്തം മകന്‍ ഉണ്ടായിരിക്കെ, സ്വന്തം (രണ്ടാം) ഭാര്യയുടെ സ്വന്തമല്ലാത്ത മകനില്‍ നിന്നും ഇങ്ങനെ ഉണ്ടായാലോ? അതും സ്വന്തം മകനെ ജനിപ്പിച്ച ആദ്യ ഭാര്യ ജീവിച്ചിരിക്കെ. അതെ, ഇങ്ങനെയുള്ള അനുഭവങ്ങളെയാണ് ജീവിതത്തിലെ പരാജയങ്ങള്‍ അഥവാ നഷ്ടങ്ങള്‍ എന്നു പറയുന്നത്. സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കുവാന്‍ ആഗ്രഹം ഉണ്ടായാലും മറ്റുള്ളവരുടെ സാമര്‍ത്ഥ്യങ്ങളിലൂടെ മകനോ അല്ലെങ്കില്‍ മകള്‍‍ക്കോ ആ സാഹചര്യം നഷ്ടപ്പെടുന്നത്

ആലോചിച്ചു നോക്കൂ.



ഇത്തരത്തിലുള്ള നഷ്ടങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഒരിക്കലും സംഭവിച്ചു കൂടാ. ഒരു പരിധി വരെ ഈ പറയുന്ന നഷ്ടങ്ങള്‍ നികത്തുവാന്‍ പറ്റുന്നവ അല്ല. ജീവിതത്തിന്റെ ഓരോ നിമിഷവും അതീവ ഗൌരവത്തോടും ശ്രദ്ധയോടും നാം കൈകാര്യം ചെയ്യേണ്ടതുണ്ട്. എന്തും നഷ്ടപ്പെട്ടിട്ട് വീണ്ടെടുക്കുവാന്‍ നോക്കിയിട്ട് കാര്യമില്ല. സാമര്‍ത്ഥ്യമുള്ളവര്‍ നമ്മെ അതിജീവിക്കും. നമുക്ക് അര്‍ഹിക്കപ്പെട്ട സ്ഥാനം നമുക്കുള്ളതാണ്. അവിടെ തന്നെ നാം ഇരിക്കുകയും, ദൌത്യങ്ങള്‍ നിറവേറ്റുകയും വേണം. നാം ഇരിക്കേണ്ടിടത്ത് ഇരുന്നിരിക്കണം.