Saturday, May 3, 2014

അവിഹിത ബന്ധങ്ങള്‍ (Illegal Relations) എന്തു കൊണ്ട് ?




പണ്ടും ഇങ്ങനെയൊക്കെ ഉണ്ടായിരിക്കണം. പക്ഷേ,പുറംലോകം അറിയുവാന്‍ ഇന്നത്തെ പോലെ മാധ്യമങ്ങള്‍ ഇല്ലല്ലോ !!! ചുരുക്കത്തില്‍ പണ്ടത്തേക്കാളും കൂടുന്നു എന്നു പറഞ്ഞ് ഉറപ്പിക്കുവാന്‍ പറ്റില്ല. എങ്കിലും മൊബൈലും ഇന്റര്‍നെറ്റും ഇത്തരത്തിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ അനായാസമാക്കിയതിനാല്‍ ഒരു പക്ഷേ നമുക്ക് അങ്ങനെ ഉറപ്പിച്ചു പറയുവാനും പറ്റും.

എന്തെങ്കിലും ആയി കൊള്ളട്ടേ !!! പക്ഷേ, എന്റെ ചോദ്യം അതല്ല. എന്തുകൊണ്ട് അവിഹിത ബന്ധങ്ങള്‍ ഉണ്ടാകുന്നു ? ഏറ്റവും അവസാനം നമ്മള്‍ കേട്ടത്, 40 വയസ്സുള്ള വൈദികനും 22 വയസ്സുള്ള യുവതിയും പരസ്പര സമ്മതത്തോടെ കൂടിയ ഇടപെടീല്‍ ആണ്. യുവതി അവിവാഹിത ആയതിനാല്‍ അവളെ ഞാന്‍ ഇവിടെ ഉപേക്ഷിക്കുന്നു. പക്ഷേ, ശാരീരിക ബന്ധം നിയമപരമായി വിവാഹത്തിലൂടെ അനുഭവിച്ചറിഞ്ഞ ഒരാള്‍ എന്തു കൊണ്ട് ഇങ്ങനെ ആകുന്നു ? ഒരു വൈദികന്‍ മാത്രമല്ല, ഇതു വായിക്കുന്ന പലരും ഇങ്ങനെയുള്ള ബന്ധങ്ങള്‍ തുടര്‍ന്നു പോകുന്നുണ്ട്. ഭര്‍ത്താക്കന്‍മാര്‍ മാത്രമല്ല, അവരോടൊപ്പം ഇറങ്ങി ചെല്ലുന്ന മറ്റാരുടേയോ ഭാര്യമാരും തുല്യ പങ്കാളികളാണ്. പരസ്പര സമ്മതത്തോടെ ഇടപെടുന്ന ബന്ധം എന്തായാലും പീഡനത്തില്‍ പെടുത്താന്‍ പറ്റില്ല. ഇതു കുറ്റമാണോ എന്നും നടപടികള്‍ സ്വീകരിക്കേണ്ടതാണോ എന്നും അധികാരികള്‍ തീരുമാനിക്കട്ടെ !!!

വീണ്ടും എന്റെ ചോദ്യം, എന്തു കൊണ്ട് കുടുംബ ബന്ധങ്ങള്‍ ഇത്തരത്തില്‍ ഉലയുന്നു ? കാരണങ്ങള്‍ ധാരാളമുണ്ട്. തന്റെ ഇണയോടുള്ള അമിതമായ സ്വാര്‍ത്ഥത കൊണ്ട് (Possessiveness) ഒരാള്‍ തുടങ്ങി വയ്ക്കുന്ന വെറും സംശയങ്ങള്‍ അവസാനം യഥാര്‍ത്ഥ അവിഹിത ബന്ധത്തിലേയ്ക്ക് നയിച്ചെന്ന് വരാം. ആദ്യ സ്നേഹത്തില്‍ തുടങ്ങുന്ന വിവാഹ ജീവിതം, സന്തതികള്‍ ഉണ്ടാവുകയും, പതുക്കെ പതുക്കെ ഒരാളില്‍ തുടങ്ങുന്ന ഉത്തരവാദിത്വമില്ലായ്മ മറ്റേ ആളിനെ പരബന്ധങ്ങള്‍ക്ക് പ്രേരിപ്പിക്കാം. ശാരീരിക ബന്ധത്തില്‍ ഒരാളിലുണ്ടാകുന്ന മാന്ദ്യത മറ്റെ ആളിനെ സാമ്യതയുള്ള മറ്റു വ്യക്തികളുമായി ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും. ഇങ്ങനെ പോകുന്നു കാരണങ്ങള്‍ നിരവധി. പക്ഷേ, ഒരു കാര്യം ഓര്‍ക്കുക. നമ്മുടെ ഏറ്റവും വലിയ സ്വത്താണ് മക്കള്‍. നാം മക്കളായിരുന്ന സമയത്ത് നമ്മുടെ മാതാപിതാക്കള്‍ക്ക് ഇത്തരത്തില്‍ ഒരനുഭവം ഉണ്ടായാല്‍ ഇന്നത്തെ നാം ഉണ്ടാകുമായിരുന്നോ ? അതുകൊണ്ട് നമ്മുടെ മക്കളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക, അതു കഴിഞ്ഞു മതി മറ്റു ബന്ധങ്ങള്‍ (അത്യാവശ്യമാണെങ്കില്‍).