Friday, January 16, 2015

ഗൾഫ് നാട്ടിലൂടെ – ഒരു യാത്രാ വിവരണം
----------------------------------------------

2014 നവംബർ 6-ന് വെളുപ്പിനെ ഉള്ള എമിറേറ്റ്സ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേയ്ക്ക് യാത്ര തിരിച്ചു. സമീപകാലത്തെ ഒരു ഇൻഡ്യൻ വിമാന യാത്രയുമായി താരതമ്യം ചെയ്യുമ്പോൾ, ഇതിലെ സൌകര്യങ്ങൾ എന്നെ വളരെയധികം ആകർഷിച്ചു. പരിചിതമല്ലാത്ത വിഭവങ്ങൾ ആയിരുന്നെങ്കിലും ഭക്ഷണ സമയമല്ലാതിരുന്നിട്ടും കൂടി അവയെല്ലാം സ്വാദിഷ്ടമായി തോന്നുകയും ഒന്നും മിച്ചം വെക്കാതെ കഴിച്ചു തീർക്കുവാനും കഴിഞ്ഞു. തൊട്ടു മുമ്പിൽ സ്വതന്ത്രമായി ഉപയോഗിക്കുവാൻ പറ്റുന്ന വീഡിയോ മടക്ക യാത്രയിൽ മാത്രമാണ് പരിചയമായത്. രാത്രിയിൽ ഉറങ്ങുവാൻ പറ്റിയില്ലെങ്കിലും ഇതിലെ യാത്രാ സുഖവും പരിചരണവും തുടർന്നും ഉറങ്ങാതെ തന്നെ ഞാൻ ആസ്വദിച്ചു. ജീവിതത്തിൽ ആദ്യമായി രാജ്യത്തിന്റെ അതിർത്തി കടക്കുന്നു. ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കുമ്പോൾ പൂർണ്ണമായ ശൂന്യത. താഴെ അവിടവിടെ മേഘങ്ങൾ കൂടി നിൽക്കുന്നത് കണ്ടമ്പോൾ ഗൾഫ് രാജ്യത്തിലെ മരുഭൂമി ആണോ എന്ന് തെറ്റിദ്ധരിച്ചു. അൽപസമയം വിമാനം സഞ്ചരിക്കാതെ നിശ്ചലമായപോലെ തോന്നി. ലാൻഡിംഗിന്റെ മുൻപുള്ള അവസ്ഥ ആണോ എന്തോ !!! പതുക്കെ മേഘപാളികൾക്കിടയിലൂടെ സൂര്യരശ്മികൾ മുഖം കാണിച്ചു. അവിടവിടെ ഭൂനിരപ്പിന്റെ ദൃശ്യങ്ങൾ കണ്ടു തുടങ്ങി. നീളത്തിൽ വലിച്ചു നീട്ടിയ എൽ.ഇ.ഡി സ്ട്രിപ്പ് പോലെ റോഡുകൾ. മരുഭൂമിയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പൊട്ടുകൾ പോലെ കണ്ടവ, കൂറ്റൻ സൌധങ്ങളായി രൂപപ്പെട്ടു. നിമിഷങ്ങൾക്കകം ഒരു വിദേശ മണ്ണിൽ ആദ്യമായി ഞാൻ കാൽ കുത്തി.



ഇനി ചെക്കിൻ ബാഗ് എടുക്കണം. തുടർന്ന് സെക്യൂരിറ്റി ചെക്കിംഗ്. ഇതിനിടയിൽ വീട്ടിലേയ്ക്ക് വിളിച്ച് ഇവിടെ എത്തി എന്ന് അറിയിച്ചു. കണ്ണു പൂർണ്ണമായി തുറന്നു കൃഷ്ണമണി കാണിച്ച്, സെക്യൂരിറ്റി മെഷീന്റെ അംഗീകാരവും വാങ്ങി പുറത്തു ഇറങ്ങി. മുൻ നിശ്ചയിച്ച പ്രകാരം സുഹൃത്തിന്റെ കാറിൽ ദുബായിയുടെ വിശാലതയിലേയ്ക്ക് ഇറങ്ങി. ആദ്യമായി ഇടതു ഡ്രൈവിംഗ് കാണുന്നു. റോഡിലെ കൃത്യതയും വേഗതയും എന്നെ അതിശയിപ്പിച്ചു. ഓരോ ട്രാക്കിനും ഓരോ വേഗത. അനുവദിച്ചിരിക്കുന്ന വേഗതാ പരിധിയ്ക്ക് മുകളിൽ പോയാലും താഴെ വന്നാലും ക്യാമറ അപ്പപ്പോൾ പിഴ ചുമത്തും. ക്യാമറയുടെ സ്ഥാനം ഇടയ്ക്കിടയ്ക്ക് മാറുന്നതു കൊണ്ടു നമ്മുടെ നാട്ടിലെ പോലെ കള്ളത്തരം ഇവിടെ നടക്കില്ല. ഇപ്പോൾ വാങ്ങി നിരത്തിലിറക്കിയ പുതുപുത്തൻ വാഹനങ്ങളെ പോലെ ഓരോന്നും ഒന്നിനൊന്നു മെച്ചം. അഴുക്കിന്റെ ലവലേശം ഒന്നിലുമില്ല. കാരണം മറ്റൊന്നുമല്ല, ഇവയ്ക്കെല്ലാം പിഴയാണത്രേ. ഓരോ വർഷവും വാഹനങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തി രജിസ്ട്രേഷൻ പുതുക്കണം. വഴി യാത്രക്കാർക്ക് പ്രഥമസ്ഥാനം നൽകുന്ന സംസ്ക്കാരം എനിക്ക് ഇഷ്ടപ്പെട്ടു. നമ്മുടെ നാട്ടിലെ പോലെ അനാവശ്യ ധൃതി വാഹനങ്ങൾക്കില്ല. അനുവദിച്ച റോഡുകളിൽ വഴിയാത്രക്കാരെ കടത്തി വിട്ട ശേഷമേ വാഹനങ്ങൾ മുൻപോട്ടുള്ളൂ. അതേ സമയം അനുവദിക്കാത്ത റോഡുകളിലൂടെ വഴിയാത്രക്കാർ കുറുകെ കടക്കുവാൻ ശ്രമിച്ചാൽ പിഴ ആണ്. ഇവിടെ പിഴ ചുമത്തുന്നത് പോലീസുകാരോ ക്യാമറകളോ മാത്രമല്ല. ഇതിന് അനുവദിക്കപ്പെട്ട ഏജൻസികളും അവിടവിടെ ഉണ്ടത്രേ. ഇടതൂർന്നു നിൽക്കുന്ന അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിലൂടെ ഞങ്ങളുടെ വാഹനം മുമ്പോട്ടു കുതിച്ചു. എങ്ങും കെട്ടിടങ്ങൾ പണിയുന്നതായി കാണുന്നില്ല, ഒപ്പം എങ്ങും ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളും ഇല്ല. പട്ടണം ഇതു തന്നെ, മനോഹരമായി വിഭാവനം ചെയ്തിരിക്കുന്നു. അന്നത്തെ അതിശയോക്തിക്ക് അറുതി വരുത്തി കൊണ്ട് തുടർന്ന് ആ ദിവസം പരിപൂർണ്ണ വിശ്രമം എടുത്തു.
തുടർന്ന് നവംബർ 7 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ദുബായ്, ഷാർജ, അലൈൻ, അബുദാബി, ഉം അൽ ക്വയിൻ തുടങ്ങിയ ഓരോ സ്ഥലങ്ങളിലും യാത്ര ചെയ്ത് ഗൾഫ് രാജ്യത്തിന്റെ സൌന്ദര്യം ആസ്വദിച്ചു. ദുബായിലെ റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) –യുടെ ഒരു സ്മാർട്ട് കാർഡ് എടുത്താൽ ബസ്, മെട്രോ, ട്രാം എന്നിവയിൽ ഒന്നുപോലെ യാത്ര ചെയ്യാം. സമീപഭാവിയിൽ ഈ കാർഡ് ടാക്സിയിലും ഉപയോഗപ്രദമാകും എന്നു കേട്ടു. ദുബായിലെ പ്രധാന സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗ്രീൻ, റെഡ് എന്നീ മെട്രോ ലൈനുകളിലൂടെ മതിയാവോളം ഈ കാർഡ് ഉപയോഗിച്ച് സഞ്ചരിച്ച് ക്യാമറയിൽ ദൃശ്യങ്ങൾ ഒപ്പിയെടുത്തു. ഓരോ മെട്രോ സ്റ്റേഷനിലും ഉള്ള ക്രമീകരണങ്ങളിലൂടെ ടെക്നോളജിയുടെ വിവിധവശങ്ങൾ ദർശിച്ചു. ഡ്രൈവർ ഇല്ലാതെ പൂർണ്ണമായും കമ്പ്യൂട്ടറൈസ്ഡ് ആയ മെട്രോ ട്രെയിനുകളുടെ വരവും പോക്കും കാണുവാൻ മാത്രമായി ഞാൻ നിന്നു. അറബിലും ഇംഗ്ളീഷിലും മാറി മാറി ഉള്ള അനൌൺസ്മെന്റുകൾ ചെവികൾക്ക് ഇമ്പം നൽകി. ഡോർ ക്ളോസിംഗ് ........... നെക്സ്റ്റ് സ്റ്റേഷൻ ഈസ് ........... മെട്രോ വരുന്നു, നിൽക്കുന്നു, ഡോർ തുറക്കുന്നു, യാത്രക്കാർ പ്രത്യേകം പ്രത്യേകം ക്യൂവിലൂടെ കയറുന്നു, ഇറങ്ങുന്നു.

എന്നെ രസിപ്പിച്ച മറ്റൊരു അനുഭവം ബസ് യാത്ര ആണ്. കയറുമ്പോഴും ഇറങ്ങുമ്പോഴും കാർഡ് പഞ്ച് ചെയ്യണം. ദൂരത്തിന് ആനുപാതികമായ തുക കുറയും. നമ്മുടെ നാട്ടിലെ ലോ ഫ്ളോർ ബസുകൾ പോലെ ഉള്ളതാണ് പലതും കണ്ടവ. ചില ബസുകളിൽ സൌജന്യമായി വൈ.ഫൈ ലഭ്യമാണ്. ബസിന്റെ  മുൻപ് ഭാഗം സ്ത്രീകൾക്കും പിൻഭാഗം പുരുഷൻമാർക്കും. ബസ് ജോലിക്കാരായി ഡ്രൈവർ മാത്രമാണ് ഉള്ളത്. ലഗേജുമായി വന്ന യാത്രക്കാരെ സഹായിക്കുന്ന ഡ്രൈവറെ കണ്ടപ്പോൾ ഞാൻ അതിശയിച്ച് പോയി. നമ്മുടെ നാട്ടിലെ റബ്ബറൈസ്ഡ് ആയ ഏറ്റവും നല്ല റോഡുകൾ പോലെയാണ് ഇവിടുത്തെ എല്ലാ റോഡുകളും. ഗട്ടറിനു വേണ്ടി പരതി നോക്കിയിട്ടു പോലും കിട്ടിയില്ല. ഇത്തരത്തിലുള്ള റോഡുകളും  ശീതികരിച്ച ബസുകളും ആയപ്പോൾ യാത്ര കുശാൽ. [ദുബായി – അലൈൻ - അബുദാബി ഭൂമിശാസ്ത്രം ഒരു ത്രികോണം പോലെയാണ്. പരസ്പരം ഒരേ ദൂരം – ഏകദേശം ഒന്നര രണ്ട് മണിക്കൂർ യാത്ര.] പലപ്പോഴും വിഷമിപ്പിക്കാറുണ്ടായിരുന്ന ഒരു വിഷയം ദുബായി – ഷാർജ റോഡിലെ ട്രാഫിക്  ബ്ളോക്ക് ആയിരുന്നു. ദുബായിൽ ജോലി ചെയ്യുന്ന പലരും താമസിക്കുന്നത് വീട്ടുവാടക കുറഞ്ഞ ഷാർജ മുതലായ പ്രദേശങ്ങളിലേയ്ക്ക് ആണെന്നുള്ളതാണ് രാവിലേയും വൈകിട്ടും സ്ഥിരമായി കാണാറുള്ള ഈ ബ്ളോക്കിന്റെ കാരണം. രാത്രിയിൽ ഏതാണ്ട് 10.30 കഴിഞ്ഞാലാണ് ബ്ളോക്കിന് ശമനം ലഭിക്കുക.  ദുബായ്, ഷാർജ എന്നിവയ്ക്കിടയിൽ ഒരു മെട്രോ സംവിധാനം ഉണ്ടെങ്കിൽ ഈ ബ്ളോക്ക് ഒരു പരിധി വരെ കുറയ്ക്കാവുന്നതാണ്. പക്ഷേ, ഇവ രണ്ടും വ്യത്യസ്ത ഭരണ സംവിധാനങ്ങളിൽ ആയതിനാൽ ഇതിനുള്ള സാധ്യത കുറവാണ്.

ടാക്സി യാത്ര മറ്റൊരു അനുഭവമായിരുന്നു. ഇവിടുത്തെ അംഗീകൃത ടാക്സികൾ പോലീസ് കൺട്രോൾ റൂം ജി.പി.എസ് വഴി നിയന്ത്രിക്കപ്പെടുന്നവയാണ്. ഡ്രൈവറിന്റെ മുമ്പിൽ യാത്രക്കാർക്കും കാണെ ഇതിനായുള്ള വീഡിയോ മോണിട്ടർ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏത് അസമയത്തും സ്ത്രീകൾക്ക് പോലും ഒറ്റയ്ക്ക് ടാക്സിയിൽ യാത്ര ചെയ്യാം. മോണിട്ടറിൽ തെളിഞ്ഞു വരുന്ന തുക മാത്രം കൂലിയായി നൽകിയാൽ മതിയാകും. റോഡുകളിൽ നമ്മുടെ നാട്ടിൽ ഉള്ളപോലെ ആട്ടോറിക്ഷകൾ ഒന്നും കണ്ടില്ല. ബൈക്കുകൾ വളരെ അപൂർവ്വം. ഈ രണ്ടു കൂട്ടരാണല്ലോ നമ്മുടെ റോഡുകളിലെ അപകടങ്ങൾ മിക്കതിനും കാരണം ആകുന്നതും. പാർക്കിംഗ് ഏരിയകളിൽ ഒരു പഞ്ചിംഗ് മെഷീൻ വച്ചിട്ടുണ്ട്. പാർക്കിംഗിനുള്ള ഫീസ് ഇതിൽ കാർഡ് വഴി അടച്ച് രസീത് വണ്ടിയിൽ കാണത്തക്കവണ്ണം വച്ചിട്ടു വേണം പാർക്ക് ചെയ്തു പോകുവാൻ. പാർക്കിംഗിനുള്ള സ്ഥലത്തും ഉണ്ടു ഒരു പ്രത്യേകത. സമീപത്തുള്ള കെട്ടിടങ്ങളുടെ തറനിരപ്പിന്റെ ഉയരം  കാറുകളുടെ മുൻപ് ഭാഗം അകത്തോട്ടു കയറ്റി ടയർ തട്ടിച്ചു നിർത്തുവാൻ പാകത്തിന് ആയിരിക്കണം.

ഇതിനിടയിൽ ഷാർജയിൽ നിന്നും ഉം അൽ ക്വയിൻ എന്ന പ്രദേശത്തേക്ക് ബസിൽ യാത്ര ചെയ്തു. പട്ടണത്തിൽ നിന്നും ശരിക്കും ഒരു പ്രാന്തപ്രദേശത്തേക്ക്  യാത്ര ചെയ്യുക ആയിരുന്നു. അവിടവിടെ മരുഭൂമി പ്രത്യക്ഷപ്പെടുന്നുണ്ടയിരുന്നു. ബഹുനില സൌധങ്ങളും എണ്ണത്തിൽ കുറഞ്ഞു. തുടർന്ന് സുഹൃത്തിനൊപ്പം നമ്മുടെ നാടൻ ഭക്ഷണം കഴിച്ചു. കോൺക്രീറ്റ് മിക്സിംഗ് ഉണ്ടാക്കുന്ന അദ്ദേഹത്തിന്റെ ഫാക്ടറിയിൽ എന്റെ സ്വന്തം തൊഴിലായ വൈദ്യുതി സുരക്ഷാ പരിശോധനയും നടത്തി. ട്രാൻസ്ഫോർമർ പകുതി പോലും ലോഡ് ചെയ്തിട്ടില്ല. അനുമതി നൽകാത്തതിനാൽ ബാക്കി ലോഡുകൾ  പ്രവർത്തിപ്പിക്കാനായി ഒരു പ്രത്യേകം ജനറേറ്റർ സ്ഥാപിച്ചിരിക്കുകയാണ്. വളരെ കാലത്തിന് ശേഷം കണ്ട സുഹൃത്തുമായി  വിശേഷങ്ങൾ പങ്കു വച്ച ശേഷം ടാക്സിയിൽ തിരികെ ഷാർജയ്ക്ക് യാത്ര തിരിച്ചു. ഇവിടെ നിന്നും ഷാർജയ്ക്ക് ബസ് ലഭിക്കില്ല. ഞാൻ ഇങ്ങോട്ട് ബസിൽ ആണ് വന്നതെങ്കിലും തിരികെ ഇവർ യാത്രയ്ക്ക് ആളിനെ എടുക്കുവാൻ അവകാശമില്ല. അതുപോലെ തന്നെ ഈ ടാക്സിയിൽ ഷാർജയിൽ നിന്നും തിരികെ യാത്രക്കാരെ കയറ്റുവാൻ പറ്റില്ല. വ്യത്യസ്ത പ്രവിശ്യകളായതു കൊണ്ടാണത്രേ ഇങ്ങനെ.

റോഡിന്റെ വശങ്ങളിൽ മനോഹരമായി ഗാർഡനിംഗ് ചെയ്തിട്ടുണ്ട്. മരങ്ങൾ ഒട്ടും തന്നെ ഇല്ലെങ്കിലും അവിടവിടെ പനകൾ പോലെ ഉള്ള മരങ്ങൾ തല ഉയർത്തി നിൽപുണ്ട്. പരിസര ശുചീകരണം അമ്പരിപ്പിക്കുന്ന ഒന്നാണ്. തറയിൽ തുപ്പിയാൽ വലിയ ശിക്ഷയാണ്. ഇതിനിടയിൽ ജൂമേറ ബീച്ച് സന്ദർശിച്ചപ്പോൾ എനിക്ക് ഒരബദ്ധം പറ്റി. കുടിച്ച വെള്ളത്തിന്റെ പ്ളാസ്റ്റിക് കവർ കടൽഭിത്തിയിലെ പാറയിടുക്കിലേയ്ക്ക് ഞാനിടുന്നത് കണ്ടവർ വഴക്കു പറഞ്ഞു. മറ്റു പാഴ്വസ്തുക്കൾ കിടക്കുന്നത് കണ്ടിട്ടാണ് അങ്ങനെ ചെയ്യുവാൻ എനിക്ക് പ്രേരണ ഉണ്ടായത്. ഇത് ക്ളീൻ ദുബായ് ആണെന്നത് നിങ്ങൾ കണ്ടതല്ലേ ? മറ്റൊരാൾ തെറ്റു ചെയ്തു എന്നു കരുതി നിങ്ങൾ അത് ചെയ്യരുതായിരുന്നു. ഇങ്ങനെ പോയി ശകാരങ്ങൾ. ക്ഷമ പറഞ്ഞുവെങ്കിലും ഇപ്പോഴും ആ കുറ്റബോധം മനസ്സിലുണ്ട്.

മരുഭൂമി യാത്ര (ഡെസർട്ട് സഫാരി) എന്റെ ഗൾഫ് യാത്രയിൽ ലഭിച്ച ഏറ്റവും അപൂർവ്വമായൊരു അനുഭവമായിരുന്നു. സിനിമയിലൊക്കെ കണ്ടിട്ടുള്ളത് സ്വന്തം ജീവിതത്തിൽ നേരിട്ട് അനുഭവിക്കുക. ഇതിനു സജ്ജമാകുന്ന കാറുകളുടെ ടയറിലെ എയർ പ്രഷർ കുറയ്ക്കുന്നുണ്ടായിരുന്നു. വളരെ നേരിയ മൺകൂനയ്ക്ക് മുകളിലേയ്ക്ക് കാർ കയറി ചരിഞ്ഞ പ്രതലത്തിലൂടെ ഒഴുകി നടക്കുക.പ്രത്യേക പ്രാവീണ്യം നേടിയ ഡ്രൈവർമാർ മാത്രമാണ് ഈ സാഹസയാത്രയ്ക്ക് തയ്യാറാവുകയുള്ളു. ഏകദേശം 10-15 കാറുകൾ ഒരേ സമയം യാത്ര ചെയ്യുന്നുണ്ടായിരുന്നു. ആയതിനാൽ ഈ കാറിൽ ഇരുന്നു കൊണ്ട് തന്നെ മറ്റു കാറുകളുടെ യാത്ര ദർശിക്കുക സുഖകരമായിരുന്നു. ഏകദേശം 15 മിനിട്ടിൽ കൂടുതലുള്ള യാത്രയ്ക്ക് ശേഷം എല്ലാ കാറുകളും മരുഭൂമിയിൽ ഒരിടത്തു സംഘമിച്ചു. മണ്ണിൽ ഇറങ്ങി, വടിവൊത്ത മൺകൂനകളിലൂടെ ഭൂമീദേവിയുടെ ശരീരസൌന്ദര്യം ദർശിച്ചു. ഇളം കാറ്റിൽ വന്ന മൺകാറ്റിനെ കൈ തൊട്ടറിഞ്ഞു. അൽപസമയത്തിനു ശേഷം അവിടെ നിന്നും മരുഭൂമിയിൽ തന്നെ ക്രമീകരിച്ചിരിക്കുന്ന ഒരു താൽക്കാലിക സങ്കേതത്തിലേയ്ക്ക് ഞങ്ങളെ കൊണ്ടു പോയി. ബല്ലി ഡാൻസ്, രുചികരമായ നാടൻ (ഗൾഫിലെ) ഭക്ഷണം മുതലായവ അവിടുത്തെ പ്രത്യേകതകൾ ആയിരുന്നു.

ഇതിനിടയിൽ സഹപാഠികളും സഹപ്രവർത്തകരും കൂടാതെ എന്റെ വിദ്യാർത്ഥികളുമായ ധാരാളം സുഹൃത്തുക്കളെ കാണുവാനിടയായി. പല പ്രധാന തസ്തികകളിലും ജോലി ചെയ്യുന്ന അവർ ആരും തന്നെ ആതിഥേയത്വത്തിൽ മാന്ദ്യം കാണിച്ചില്ല. ഒരു പക്ഷേ, ഗൾഫിൽ വച്ച് കണ്ടപ്പോൾ അവർ നാട്ടിൽ കാണുമ്പോഴുള്ളതിൽ നിന്നും വ്യത്യസ്തമായ സമീപനം ആയിരുന്നുവോ എന്നു സംശയം ഉണ്ട്. എനിക്ക് വേണ്ടി എല്ലാ വിധ സൌകര്യങ്ങളും ചെയ്തു തരുന്നതിൽ അവർ ശരിക്കും മൽസരമായിരുന്നു. ദുബായ്, ഷാർജ, അലൈൻ, അബുദാബി എന്നിവിടങ്ങളിൽ കൂടുതലും യാത്ര ചെയ്തത് ഇവരുടെ കാറുകളിൽ ആയിരുന്നു. ഇടയ്ക്ക് കാറിൽ പെട്രോൾ നിറച്ചിട്ട് പണം നൽകുകയോ, കാർഡ് നൽകുകയോ ചെയ്യുന്നത് കണ്ടില്ല. ഈ കാറിൽ പെട്രോൾ നിറച്ച കമ്പിനിയുമായുള്ള ഇടപാടിനായി പ്രവർത്തിക്കുന്ന സെൻസർ ഉണ്ടത്രേ. എത്ര അളവ് പെട്രോൾ ആണ് നിറയ്ക്കുന്നത് എന്നൊക്കെ സെൻസ് ചെയ്ത് സുഹൃത്തിന്റെ അക്കൌണ്ടിൽ നിന്നും പണം കൈമാറപ്പെട്ടുകൊള്ളും. പെട്രോൾ നിറയ്ക്കുവാനായി വരുന്ന വണ്ടികൾ അതിനോടൊപ്പം പ്രത്യേക ചാർജ്ജ് ഈടാക്കാതെ വൃത്തി ആക്കി കൊടുക്കുക കൂടി ചെയ്യുന്നതു മറ്റൊരു കൌതുകം ആണ്.

ഞാൻ ദുബായിൽ സന്ദർശിക്കുന്ന അവസരത്തിൽ തന്നെയായിരുന്നു റോഡിലൂടെ പോകുന്ന ട്രാം ഉത്ഘാടനം ചെയ്യപ്പെട്ടത്. ആയതിനാൽ ട്രാമിലെ യാത്രയും ഇതിനകം ആസ്വദിക്കുവാൻ സാധിച്ചു. ദുബായിലെ അത്ഭുതങ്ങളിൽ മറ്റൊന്നായിരുന്നു മിറക്കിൾ ഗാർഡൻ. പക്ഷേ, ഒരാഴ്ച കൂടി കഴിഞ്ഞേ അതിന്റെ പ്രവർത്തനം പുനരാരംഭിക്കുയുള്ളു. എങ്കിലും സുഹൃത്തിനൊപ്പം, അതിന്റെ പുറമേയുള്ള ഭാഗങ്ങൾ കണ്ടു സമാശ്വസിച്ചു.

ഒരു പക്ഷേ, എന്റെ ആദ്യ വിദേശ യാത്ര ആയതു കൊണ്ടായിരിക്കാം ഇത്രമാത്രം കൌതുകം. എങ്കിലും, എന്റെ അനുഭവങ്ങൾ മറ്റുള്ളവർക്കായി പങ്കു വയ്ക്കുന്നതിൽ അതിയായ സന്തോഷം ഉണ്ട്. വലിയ സാമ്പത്തിക ബാധ്യത ഇല്ലാതെ തന്നെ എനിക്ക് യാത്ര നടത്തുവാൻ സാധിച്ചു. മുൻകൂട്ടി വിമാനടിക്കറ്റ് ബുക്ക് ചെയ്തതിലൂടെ വളരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിച്ചു. സുഹൃത്തുക്കളുടെ ഉപദേശങ്ങളിലൂടെയും സഹകരണത്തിലൂടെയും ഈ യാത്ര പൂർത്തീകരിച്ച ഞാൻ, എന്റെ അടുത്ത യാത്ര അവർ പോലും അറിയാതെ ഒരുപക്ഷേ അവിടെ എത്തി താമസം തുടങ്ങിയ ശേഷം ആയിരിക്കും അറിയിക്കുക. അതിനുള്ള ആത്മവിശ്വാസം ഈ യാത്രയിലൂടെ ഞാൻ കൈവരിച്ചു. എന്നെപോലെ ഒരു സന്ദർശനം ആയിട്ടെങ്കിലും എല്ലാപേരും ഈ കൌതുകകാഴ്ചകൾ കാണണം എന്ന് പറഞ്ഞു കൊണ്ടു ഞാൻ ഉപസംഹരിക്കുന്നു.

No comments:

Post a Comment