പെരുമ്പുഴ, ഓര്‍മ്മയില്‍ ആദ്യമായി ദര്‍ശിച്ച സ്ഥലം എന്റെ ജന്മസ്ഥലം, എന്നെ ഞാനാക്കിയ പുണ്യസ്ഥലം
എനിക്ക് ഇന്ന് അന്യസ്ഥലം
ഓരോ മണ്‍തരിയോടു ചോദിച്ചാലും എന്നെ വിവരിച്ചു തരും
എന്റെ ജീവിതഭാരം താങ്ങുവാനായി
എന്റെ കാല്‍പാദങ്ങള്‍ക്ക് താങ്ങു നിന്നവ
അവിടുത്തെ അരുവികളിലെ ഉറവ
എന്റെ കണ്ണു നീരും കൂടി കലര്‍ന്നതാകാം
മനസ്സിന്റെ വിങ്ങലുകളുടെ ബഹിര്‍ഗമനം
പിന്‍കാലത്ത് ആനന്ദബാഷ്പമായവ
ഞാന്‍ തിന്ന മണ്ണും തൊലിയിലെ ചെളിയും തട്ടി മുറിഞ്ഞതും
എന്റെ ബാല്യം എനിക്ക് തന്ന സുഹൃതം
മാതൃഭൂമിയുടെ തലോടല്‍ എനിക്ക് തന്ന അനുഭൂതി
ഇന്ന് എന്നെ കോരിതരിപ്പിക്കുന്നു
വിഭിന്നത, അതു അന്നുമുണ്ട് ഇന്നും
പുറത്തു പ്രകടിപ്പിക്കാത്ത ആത്മാര്‍ത്ഥത
പ്രായത്തിനായുള്ള പരിഞ്ജാനമില്ലായ്മ
കൂടപ്പിറപ്പായുള്ള ഒറ്റപ്പെടീലും
ആ പുഴയുടെ തീരത്തുകൂടിയുള്ള യാത്രകള്‍
വാഴത്തണ്ടുമായി പുഴയില്‍ ചാടി മറിഞ്ഞതും
പശുകിടാവിനെ കുളിപ്പിച്ചതും
എല്ലാം ഒരു ദീര്‍ഘനിശ്വാസത്തിലുടെ കടന്നു പോകുന്നു
മനസ്സില്‍ ആദ്യമുദിച്ച പ്രണയത്തിനു ആ വരമ്പുകള്‍ സാക്ഷികള്‍
അതിനായുള്ള സൈക്കിള്‍ സവാരികളും
പിടിക്കപ്പെട്ട് ആവര്‍ത്തിക്കില്ല എന്ന് ആണയിട്ടതും
വ്യത്യസ്തമായ എന്റെ നാടു തന്ന നല്ല നാളുകള്‍
നാട്ടുകാര്‍ എന്റെ ഞരമ്പുകളാണ്
അവര്‍ എന്നും എനിക്ക് അഭയം തന്നു
എന്റെ ഞരക്കം അവര്‍ ചെവിക്കൊണ്ടു
രക്തബന്ധങ്ങള്‍ക്കുമപ്പുറം
എന്നും എന്നും എന്റെ വിങ്ങലുകള്‍
എന്റെ നാടിനെ കാണാത്തതില്‍
രക്തബന്ധങ്ങളുണ്ടാക്കിയ മതിലുകള്‍
പക്ഷേ, അവ തകര്‍ക്കുവാന്‍ താല്‍പ്പര്യവുമില്ല